English| മലയാളം

ആമുഖം

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. പെരിന്തല്‍മണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് 34.41 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് അങ്ങാടിപ്പുറം, വെട്ടത്തൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏലംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അങ്ങാടിപ്പുറം പഞ്ചായത്തുമാണ് പെരിന്തല്‍മണ്ണ നഗരസഭയുടെ അതിരുകള്‍ . ഭൂപ്രകൃതിയനുസരിച്ച് പെരിന്തല്‍മണ്ണ നഗരസഭയെ ഉയര്‍ന്ന സമതലം, ചെറിയ ചെരിവ്, ഇടത്തരം ചെരിവ്, കുത്തനെയുള്ള ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന താഴ്ന്ന സ്ഥലം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി തരം തിരിക്കാം. ചെങ്കല്ല് (ലാറ്ററൈറ്റ്), എക്കല്‍മണ്ണ്, ഗ്രാനൈറ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍ . മലപ്പുറം ജില്ലയില്‍ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യകമ്പോളവും നഗരവുമാണ് പെരിന്തല്‍മണ്ണ. പുരാതന വള്ളുവനാട് ദേശത്തിന്റെ ഹൃദയമായിരുന്നു പെരിന്തല്‍മണ്ണ. വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയില്‍ പണ്ടുകാലത്ത് വര്‍ഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു. ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ കായികാഭ്യാസം (പെരുംതല്ല്) നടന്നിരുന്നത്. “പെരും തല്ല്” നടന്നിരുന്ന സ്ഥലമാണ് പിന്നീട് പെരിന്തല്‍മണ്ണയായത്.