English| മലയാളം

ബജറ്റ്

നഗരസഭാ വൈസ് ചെയര്‍മാന്‍ എ.ടി നൂര്‍ജഹാന്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗം

2009-10 ലെ പുതുക്കിയ ബഡ്ജറ്റും 2010-11 ലെ മതിപ്പ് ബഡ്ജറ്റും

പെരിന്തല്‍മണ്ണ നഗരസഭയുടെ നിലവിലുള്ള കൗണ്‍സിലിന്‍റെ അഞ്ചാമത്തെയും അവസാനത്തെയുമായ ബഡ്ജറ്റാണ് ഇവിടെ അവതരിപ്പിക്കുന്നത്. മാതൃകാപരമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു കൗണ്‍സിലിനുവേണ്ടി തുടര്‍ച്ചയായി അഞ്ചു ബഡ്ജറ്റുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമായി കാണുന്നു. ഒരു ദശാബ്ദത്തോളം നഗരവികസനത്തെ പുറകോട്ടടുപ്പിച്ച ബസ്സ്റ്റാന്‍റ് ഷോപ്പിംഗ് കോംപ്ലക്സ് കേസുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും അവസാനിപ്പിക്കാന്‍ സാധിച്ചത് നഗരവികസനം കാംക്ഷിക്കുന്ന സുമനസ്സുകളുടെ പൂര്‍ണ്ണ പിന്തുണകൊണ്ടുമാത്രമാണ്. ചരിത്രപരമായ നേട്ടങ്ങളാണ് തുടര്‍ന്നിങ്ങോട്ട് കൗണ്‍സിലിന് കൈവരിക്കാന്‍ സാധിച്ചത് ഗതാഗതക്കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടിയ ടൗണ്‍ ജംഗ്ഷന്‍റെ വികസനം, പൊന്ന്യാകുര്‍ശി- മാനത്ത്മംഗലം ബൈപാസ് റോഡിന് സ്ഥലം ഏറ്റെടുക്കല്‍, ജൂബിലി റോഡ് പൊതുമരാമത്ത് വകുപ്പിനെകൊണ്ട് ഏറ്റെടുപ്പിക്കല്‍, ജെ.എന്‍.റോഡ്-കോഴിക്കോട് റോഡ് ജംഗ്ഷന്‍ വീതികൂട്ടല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സില്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍ക്കപ്പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ കൗണ്‍സിലിന്‍റെ കാലത്ത് സമര്‍പ്പിച്ച 6 കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 5 എണ്ണവും നേടിയെടുക്കാന്‍ സാധിച്ചതും അവയുടെ നിര്‍വ്വഹണം ഗണ്യമായ പുരോഗതിയില്‍ എത്തിക്കാന്‍ സാധിച്ചതും അഭിമാനകരമായ നേട്ടമാണ്. UIDSSMT സമഗ്രകുടിവെള്ള വിതരണ പദ്ധതി 2011 മാര്‍ച്ച് മാസത്തില്‍ കമ്മീഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതേ കാലയളവ് ആകുമ്പോഴേക്കും UIDSSMT യിലൂടെ ഖരമാലിന്യ സംസ്കരണ മേഖലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഒരു മാതൃകാ ഖരമാലിന്യ സംസ്കരണശാലയായി നമ്മുടെ പ്ലാന്‍റ് മാറുമെന്നത് സംശയമില്ലാത്ത വസ്തുതയാണ്  IHSDP  യുടെ രണ്ടു പ്രൊജക്ടുകളും നിര്‍വ്വഹണത്തില്‍ ഗണ്യമായി പുരോഗതി കൈവരിച്ചിരിക്കുന്നു.  ILCS പദ്ധതിയും പ്രവര്‍ത്തമാരംഭിച്ചിട്ടുണ്ട്. ഇ.എം.എസ്. ഭവന പദ്ധതി നടപ്പാക്കുക വഴി ക്ലസ്റ്ററുകള്‍ക്ക് പുറമെയുള്ളവരുടെ പാര്‍പ്പിട പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമാകും എന്നത് നിസ്തര്‍ക്കമായ സംഗതിയാണ്. ഇ.എം.എസ്. ഭവന പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായ പെരിന്തല്‍മണ്ണ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് അധികൃതരോടുള്ള കൃതജ്ഞത രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഉപജീവന തൊഴില്‍ദാന പദ്ധതിയുടെ നടത്തിപ്പിലും ഗണ്യമായ പുരോഗതി കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

നഗരസഭയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ കഴിഞ്ഞത് ധനകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഏറെ അഭിമാനത്തോടെ കാണുന്നു. ബില്ലുകള്‍ ഒന്നുംതന്നെ കുടിശ്ശികയായിട്ടില്ല. നികുതി വര്‍ദ്ധന നടപ്പാക്കാതെ തന്നെ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നതാണ് ശ്രദ്ധേയമായ സംഗതി. അതുകൊണ്ടുതന്നെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 1.5 കോടിയോളം രൂപ തനത്ഫണ്ടില്‍ നിന്നും വിവിധവാര്‍ഡുകളിലെ  വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  നീക്കിവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ ഈ കൗണ്‍സിലിന്‍റെ കാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. ഏറ്റവും ഒടുവിലായി എല്ലാ വിദ്യാലയങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ നല്‍കുന്ന പരിപാടിയും നടപ്പാക്കി. നഗരസഭയുടെ അധീനതയിലുള്ള എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളിലും മെയിന്‍റനസ്ഗ്രാന്‍റ് വിനിയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് 1.5 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എടുത്തുപറയത്തക്ക സംഗതിയാണ്. ഇതുപോലെ മര്‍മ്മപ്രധാനമായ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ കൗണ്‍സില്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ജനമൈത്രി സുരക്ഷാപദ്ധതി ഇത്രയും കാര്യക്ഷമമായി നടപ്പിലാക്കിയ മറ്റൊരു കൗണ്‍സില്‍ ഉണ്ടാകാന്‍ തരമില്ല. ജനമൈത്രി  ഫുട്ബോള്‍ മേള, ജനമൈത്രി നഗരോത്സവം എന്നിവക്കെല്ലാം നേതൃത്വം നല്‍കിയത് നഗരസഭാ കൗണ്‍സിലാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കാനും കൗണ്‍സിലിനെ ഒറ്റക്കെട്ടായി നയിക്കാനും ബഹുമാനപ്പെട്ട ചെയര്‍മാന്‍ കാണിച്ച നേതൃപാഠവും സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ അര്‍പ്പണമനോഭാവമാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മെ പ്രാപ്തരാക്കിയത.് എല്ലാ സ്റ്റാന്‍റിംഗ് കമ്മറ്റികളും വ്യക്തമായ  ദിശാബോധത്തോടെ പ്രവര്‍ത്തിച്ചതും പ്രതിപക്ഷകക്ഷി നേതാക്കള്‍ ക്രിയാത്മകമായ പിന്തുണ നല്‍കിയതും ഈ നേട്ടങ്ങള്‍  കൈവരിക്കാന്‍ നിര്‍ണ്ണായകമായിട്ടുണ്ട്. വികസനത്തെ മാത്രം സ്നേഹിക്കുന്ന പെരിന്തല്‍മണ്ണയിലെ നല്ലവരായ പത്ര ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ നിര്‍ലോഭമായ പിന്തുണയാണ് കൗണ്‍സിലിന് നല്‍കിയത്. കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരും കൗണ്‍സിലിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൈ മെയ്മറന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പെരിന്തല്‍മണ്ണ നഗരത്തിന് ആസൂത്രിതമായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍, സിറ്റി ഡവലപ്പ്മെന്‍റ് പ്ലാന്‍ എന്നിവയുടെ രൂപീകരണത്തിന് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പ്രാമുഖ്യം നല്‍കാനാണ് കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള പ്രാഥമിക നടപടികള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍തന്നെ ആരംഭിച്ചിട്ടുള്ളതാണ്. നിലവിലുള്ള കൗണ്‍സിലിന്‍റെ കാലാവധി പൂര്‍ത്തിയാകാന്‍ കേവലം 6 മാസം മാത്രം ശേഷിക്കുന്ന ഈ വേളയില്‍ ഏറ്റെടുത്ത പ്രൊജക്ടുകളുടെ പൂര്‍ത്തീകരണത്തിന് മുന്‍തൂക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ കൗണ്‍സിലിന് വിനിയോഗിക്കാന്‍ ചുരുങ്ങിയത് 400 ലക്ഷത്തിനും 500 ലക്ഷത്തിനുമിടയിലുള്ള തുക വിവിധ പദ്ധതികളില്‍ നീക്കിയിരിപ്പ് വെച്ചാകും നിലവിലുളള കൗണ്‍സില്‍ സ്ഥാനമൊഴിയുന്നത്.

പെരിന്തല്‍മണ്ണ നഗരസഭയെ കഴിഞ്ഞ നാലര വര്‍ഷമായി വികസനകാഴ്ചപ്പാടോടുകൂടി നയിച്ച ബഹുമാനപ്പെട്ട  ചെയര്‍മാനോടും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, പ്രതിപക്ഷ കക്ഷി നേതാക്കള്‍, സര്‍വ്വോപരി നഗരസഭയുടെ വികസനത്തിന് പൂര്‍ണ്ണപിന്തുണ നല്‍കിയ എല്ലാ കൗണ്‍സിലര്‍മാരോടും, ധനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ആത്മാര്‍ഥമായ നന്ദി രേഖപ്പെടുത്തുന്നു. വ്യക്തമായ വികസനകാഴ്ചപ്പാടോടുകൂടി കൗണ്‍സിലിനൊപ്പം  ജീവനക്കാരെ നയിച്ച സെക്രട്ടറിയോടും വിവിധ സെക്ഷന്‍ മേധാവികളോടും, അക്കൗണ്ടന്‍റ്, റവന്യൂഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ എല്ലാ ജീവനക്കാരോടും കൗണ്‍സിലിനുള്ള നന്ദി രേഖപ്പെടുത്തുന്നു. കൗണ്‍സിലിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മ പകര്‍ന്ന സി.ഡി.എസ്. പ്രസിഡണ്ട്, എ.ഡി.എസ്. ചെയര്‍പേഴ്സണ്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരോടുള്ള കൃതജ്ഞത ഈ അവസരത്തില്‍ രേഖപ്പെടുത്തട്ടെ. കൗണ്‍സിലിനോടൊപ്പം നിന്ന് കൗണ്‍സിലിന്‍റെ ഭാഗമായിമാറിയ പെരിന്തല്‍മണ്ണയിലെ എല്ലാ പത്ര ദൃശ്യമാധ്യമങ്ങളോടുമുള്ള ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തികൊണ്ട് ഈ ബഡ്ജറ്റ് നിങ്ങള്‍ ഏവരുടേയും വിലയിരുത്തലിനും ക്രിയാത്മകമായ ചര്‍ച്ചക്കുമായി സമര്‍പ്പിച്ചുകൊണ്ട്

എ.ടി നൂര്‍ജഹാന്‍
വൈസ് ചെയര്‍മാന്‍ &
ധനകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി, ചെയര്‍പേഴ്സണ്‍

 
ബഡ്ജറ്റ് ഒറ്റ നോട്ടത്തില്‍

2009 - 10 വര്‍ഷത്തേക്കുള്ള പുതുക്കിയ ബഡ്ജറ്റ്

വര്‍ഷാരംഭത്തിലെ മുന്നിരിപ്പ്     2,92,39,197
നടപ്പുവര്‍ഷത്തെ വരവ്     16,49,30,525
ആകെ     19,41,69,722
      
നടപ്പുവര്‍ഷത്തെ മുന്നിരിപ്പ്     18,41,77,100
വര്‍ഷാവസാന നീക്കിയിരുപ്പ്     99,92,622
ആകെ     19,41,69,722
      

2010 - 11 വര്‍ഷത്തേക്കുള്ള പുതുക്കിയ ബഡ്ജറ്റ് എസ്റ്റിമേറ്റ്
വര്‍ഷാരംഭത്തിലെ മുന്നിരിപ്പ്     99,92,622
പ്രതീക്ഷിക്കുന്ന വരവുകള്‍     40,72,80,700
ആകെ     41,72,73,322
      
പ്രതീക്ഷിക്കുന്ന ചെലവുകള്‍     39,57,08,400
നീക്കിയിരുപ്പ്     2,15,64,922
ആകെ     41,72,73,322